Thursday, December 25, 2008

അവസാനത്തെ കാമുകന്‍

(ഒരു പ്രഭാതത്തിന്റെ ഓര്‍മ്മയ്ക്ക്‌ )

പ്രേമമേ , നെടുനീളന്‍

പര്‍വതത്തിന്റെ പ്രേതമേ ...

പാതിരകളില്‍ വഴിനീളെ

വന്നു നിന്‍ ചിരി മുഴക്കുന്ന

ശബ്ദമെന്തൊരു ശബ്ദം .

ചില നേരങ്ങളില്‍ നിന്നു നീ

വെള്ളപ്പാട മഞ്ഞു പുതച്ച്.

പിന്നെയാക്കുതരും മരങ്ങള്‍ തന്‍

മരതകച്ച്ചായ വിരിച്ചു നീ .

കണ്ണുകള്ക്കായം പോരാ

നിന്നെയപ്പടിഒതുക്കുവാന്‍

നിന്‍റെ പേരിന്‍റെ

നീളമെന്തൊരു നീളം

ഞാനതില്‍ വീടുവെച്ചു

പാര്‍ക്കാന്‍ കൊതിച്ചവനല്ലോ .

നിന്നെ തൊടാനാഞ്ഞു

കല്ലില്‍ത്തട്ടി

വായുവിന്‍ ചോര ;

യെന്‍ ദേഹം മുഷിഞ്ഞല്ലോ .

നീയെന്നെ തിരസ്കരിക്കുന്നതാണ് ....

നീയെന്നെ തിരസ്കരിക്കുന്നതാണ്
വലിയ കുഴപ്പമെന്നേ .
അപ്പോഴെനിക്ക്‌
നിന്നോടുള്ള ഇഷ്ടം കൂടുകയേ ഉള്ളൂ .
എന്നോടു ദേഷ്യപ്പെടുന്നതാണ്
വലിയ കുഴപ്പമെന്നേ...

നീയെന്നെ ഇഷ്ട്ടപ്പെട്ടു നോക്കൂ.
പിന്നെ ഞാനൊരു ശല്യമായി
തോന്നുകയേയില്ല ..
ഉറക്കത്തിലെ മരണം

ഈ ചാരുകസേരയിലിരുന്നു

അറിയാതെ

കൂര്‍ക്കം വലിച്ചുറങ്ങി പോയതാണേ .......

മൂക്കിലൂടകത്തോട്ടും പുറത്ത്തോട്ടും

കയറിയുമിറന്ങിയും

കളിക്കുകയായിരുന്ന വായു ,

അതേ കളി ഏറെനേരം

കളിച്ചു മടുത്ത്

''ഇപ്പ വരാമേ '' എന്നു പറഞ്ഞ്

അക്കു കളിക്കാനിറങ്ങിയതാനേ ....

തൊടിയിലാകെ പൂവുകണ്ട,തിന്റെ -

മണത്തിന്റെ കൂടെ

എങ്ങോ ചുറ്റി നടക്കുകയാനേ.....

എന്റെ ചുട്ടിലുമിരുന്നു കരയുന്നവരില്‍

ആരെന്കിലുമൊന്നതിനെ

തിരക്കിപ്പോകണേ ....

ഈ ചിതയില്‍ നിന്നെന്നെ

ഇറക്കി കിടത്തനേ.....

കാമുകി

നഷ്ടപ്പെട്ടു പോയെന്നു
വിചാരിച്ചതാണവളെ .
ഭാഗ്യം കൊണ്ടാണ്
തിരിച്ചു കിട്ടിയത്.
അവള്‍ക്കു വേറെ കെട്ടിയോനും
കുട്ടികളുമായെങ്കിലും.


Friday, December 19, 2008

എക്കോ പോയിന്‍റ്

(ഒരു മൂന്നാര്‍ യാത്രയുടെ ഓര്‍മ്മയ്ക്ക്‌ )

എവിടെ നിന്നൊക്കയോ

വണ്ടിയില്‍ വന്നിറങ്ങിയ കുട്ടികള്‍

ഈ പുഴയുടെ തീരത്തു നിന്ന്

കാടിനെ നോക്കി എന്തൊക്കയോ വിളിക്കുന്നു .

കുട്ടികളെ നോക്കി കാടുമെന്തോക്കയോ വിളിക്കുന്നു.

കുട്ടികളുച്ചത്ത്തില്‍

വിളിച്ചു കൂവുന്നതവരുടെ

പേരുകള്‍ തന്നെയാണെന്ന്

പാവം കാടിനരിയില്ലല്ലോ.

കാട് ഇങ്ങനെ വിചാരിച്ചു :

''ശ്ശെടാ , ഈ പിള്ളേരോട്

ഒരു ദ്രോഹവും ഞങ്ങള്‍ ചെയ്തിട്ടില്ല

പിള്ളേരുടെ തന്തമാരോടും

തന്തമാരുടെ തന്തമാരുടെ തന്തമാരോടും

ഞങ്ങള്‍ ദ്രോഹമോന്നും ചെയ്തിട്ടില്ല .

പിന്നെന്തിനാ ഇവറ്റകള്‍

ഇത്രയും ദൂരം വണ്ടി പിടിച്ചു വന്ന്

ഞങ്ങളെ നോക്കി

തന്തക്കു വിളിക്കുന്നത് ?''

വായന

നഗരത്തിലെ പാര്‍ക്കില്‍ വെച്ച്

കവിസുഹൃത്തിനെ കണ്ടുമുട്ടി.

സന്തോഷം

സായാഹ്നം.

''ഒരു പുതിയ കവിതയുണ്ട്.

തിരക്കില്ലങ്കില്‍

എങ്ങോട്ടെങ്കിലും മാറിയിരിക്കാം .

കവിത വായിച്ചു കേള്‍പ്പിക്കാം .''

സസന്തോഷം

സസായാഹ്നം.

അവന്‍ നീട്ടിയ കടല കൊറിച്ചുകൊണ്ട്

''എന്റെ കയ്യിലുമുണ്ട്

കവിതയൊന്ന്.

ഞാനും വായിക്കാം....''

സസസന്തോഷം

സസസായഹ്നം .

നഗരത്തിലെ പാര്‍ക്കില്‍ വെച്ച്

കവിസുഹൃത്തിനെ കണ്ടുമുട്ടി

ഞങ്ങള്‍ ആളൊഴിഞ്ഞ ഒരിടം

നോക്കി നോക്കി നടക്കുന്നു .

''സാറമ്മാരേ, ദേ അങ്ങോട്ടിരിക്കാം .''

ഞെട്ടി നോക്കുമ്പോള്‍

പിന്നിലൊരുത്തന് നിന്ന്

അകലെ പൊന്തക്കാടിനു

വഴി കാട്ടുന്നു .

''അവിടെയിരുന്നാല്‍

ആരും കാണില്ല സാറേ ..''

''എന്തു കാണില്ലെന്ന് ?''

എനിക്കു ദേഷ്യം വന്നു.

''ങ്ങ് ങ‌ും...ഞാനെല്ലാം കേട്ടു.

കവിത വായിക്കാന്‍ വന്നവരല്ലേ.

എനിക്കെല്ലാം മനസ്സിലായി സാറേ......''

അവനു നാണോം വന്നു.

പോക്കാച്ചീ

പിപ്പീ പീപ്പീ പോക്കാച്ചീ

പാടിയിരിക്കും മാക്കാച്ചീ

പീക്കിരി തുള്ളി വരുന്നുണ്ടേ

പോക്കിരി നിന്നെ പായിക്കും

പിപ്പീ പീപ്പീ പോക്കാച്ചീ

ചാടിഒളിക്കൂ മാക്കാച്ചീ...

തിരസ്കാരം

അവള്‍ തിരസ്കരിച്ച
വിത്താണ് ഞാന്‍

അതിനാല്‍
പോവേന്ടെനിക്ക്
ഇനി മണ്ണിലേക്കും
കാന്താരത്ത്തിലേക്കും

വായുവില്‍
പറന്നുനിന്നു
ഞാനിന്നൊരു
പറവയുടെ വിശപ്പടക്കും .

Thursday, December 18, 2008

അപകട മരണത്തെക്കുറിച്ച്
ഒരു വണ്ടി മൊതലാളിയുടെ കവിത

കമ്പനി എതെലുംആകട്ടിഷ്ടാ കാറ് പുത്തനൊന്നു
വേണമെന്കില്‍ ലക്ഷം മൂന്നു മൂന്നര മുടക്കണം .
ഇനീപ്പോ സെക്കനാന്ട് വാങ്ങാന്നു വെച്ചാലോ
അപ്പഴും വേണം എഴുപത്തയ്യായിരം മുതലങ്ങോട്ട്.
ഈ യാത്രക്കാരൊക്കെ പോണ ബസ്സില്ലേ, ബസ്സ്.
അതിന്റെ വേലയെന്താന്നാ .ആറേഴു ലക്ഷത്തിന്റെ
മൊതലാ . നിസ്സാര കളിയൊന്നുമല്ല ഈ
കളിക്കണതെയ്.വോള്വോയാണേല്‍ പറയേം
വേണ്ട .അപ്പളെന്താ N.H.ലവനങ്ങട് നിവര്‍ന്നു നീണ്ട്
നൂറേല്‍ ഒഴുകി ഒഴുകി ഒഴുകി ....ഹായ് ...ആ
വരവൊരു വരവാണേ. ഇതൊന്നുമാലോചിക്കാണ്ട്
മ്മ്ടെ ആളുകള്...ദേ ങ്ങട് നോക്ക്യേ ...മ്മ്ടെ
ആളുകള് വണ്ടീടെ കുറുകെ അങ്ങട് ചാടിക്കൊടുക്കും.
വണ്ടീന്ന് പറഞ്ഞാ യന്ത്രോല്ലിഷ്ടാ, യന്ത്രം .
അതിനു വല്ലതും അറിയാമാ.
അതങ്ങട് പണീം കൊടുക്കും .....
ഗോദയില്‍ കാത്ത്

"നിങ്ങള്‍ക്കറിയാമോ കുട്ടികളെ,വിഖ്യാത ചിലിയന്‍ കവി
ശ്രീമാന്‍ പാബ്ലോ നെരൂദ തന്റെ പതിനെട്ടാമത്തെ വയസ്സില്‍
വലിയ കവിയായി പേരെടുത്ത ആളായിരുന്നു ...."
പണ്ഡിതനായ പാരലല്‍ ഗുരു
ഇപ്രകാരം ക്ലാസ്സില്‍ മൊഴിഞ്ഞപ്പോള്‍
ഞാന്‍ മനസ്സിലോര്‍ത്തു ;
എനിക്കിപ്പോള്‍
പതിനേഴേ ആയോള്ളൂ .
അടുത്ത വര്‍ഷം ഞാനുംഇറക്കും
പുസ്തകമൊന്ന്.
പിന്നെ ഞാനാരാ....

ആഞ്ഞു പിടിച്ചു കവിതയെഴുതി
ഗുരുവിനെ കാണിച്ച് അനുഗ്രഹം വാങ്ങി
തെക്കോട്ടും വടക്കോട്ടും വാരികക്കയച്ചു
നെരൂദയെ വെല്ലുവിളിച്ചു .
അയച്ചതെല്ലാം തിരിച്ചയച്ച്
വാരികക്കാരെന്നെ വെല്ലുവിളിച്ചു .

വയസ്സിപ്പോള്‍
ഇരുപത്താറ് കഴിഞ്ഞു
ഒരു കവിതപോലും വന്നില്ല
പ്രീ ഡിഗ്രി തോറ്റും പോയി
ഗുരുവിനെ കണ്ടപ്പോള്‍
ഒരു ചളിപ്പ്‌
മുഖം കുനിച്ചുപിടിച്ച്
മാറി നടന്നു.
മനസ്സുപറഞ്ഞു ;
റില്‍ക്കെയൊക്കെ
ഇരുപത്താറ് കഴിഞ്ഞു
എഴുതിയവരാണ്.
രില്‍ക്കയെക്കാള്‍
വലുതല്ലല്ലോ
നെരൂദ....

പെറ്റി-ബൂര്‍ഷ്വാ തൊഴിലാളിക്ക്

ഒരു തുറന്ന കത്ത്

ഞാന്‍ ദാസ്യപ്പണി നിര്‍ത്തീ

സഖാവേ....

അടിമകളെക്കൊണ്ട്‌ ലോകം

നിറഞ്ഞിരിക്കുന്നതിനാല്‍

ഞാന്‍ അമേരിക്കയുടെ

കൂടെപ്പോണൂ, സഖാവേ

വിപ്ലവം ജയിക്കട്ടെ .

ഒഴിവുകാലം

പുല്ലുകളില്‍

ഊറിക്കൂടിയ മഞ്ഞുകണങ്ങളെ

നോക്കിയിരിക്കാനായിരുന്നു

എനിക്കിഷ്ടം.

എന്നാല്‍

പുല്‍നാമ്പിലൂടെഎപ്പോഴും

താഴേക്ക് ഊര്‍ന്ന് ഇറങ്ങാനായിരുന്നു

മഞ്ഞുകണങ്ങല്‍ക്കിഷ്ടം.

ഇപ്പോള്‍

അവ

പുല്‍നാമ്പുകളില്‍

വിശ്രമിക്കാന്‍

കൂട്ടാക്കുന്നതെയില്ല..

കുറിയെടത്ത് രാത്രി

ഞാനൊരുപാട് നേരമായ് നോക്കുന്നു .
വഴിയിലൊന്നും
മരുന്നിനുപോലും ഒരെണ്ണത്തിനെ
കണ്ടില്ല.
തിരിച്ചു പോരാന്‍ നേരം
മുന്നില്‍ ദേ നില്‍ക്കുന്നൊരു സാധനം.
താത്രിയെന്നോ മറ്റോ പറഞ്ഞു .
രാത്രി എന്നാണുകേട്ടത് .
രാത്രിയെന്കില്‍ രാത്രി .
വാ പോകാം .

രണ്ടു തുള്ളികള്‍

ഒരു മഴത്തുള്ളി

മറ്റേത്തുള്ളിയോടു ചെയ്യുന്നതുകണ്ടാല്‍

സഹിക്കുകേല ദൈവമേ ........

ഇന്നലെ സന്ധ്യക്ക്‌

റബ്ബര്‍ത്തോട്ടത്തിലൂടെ

വീട്ടിലേക്ക് വരുമ്പോള്‍

ഹൊ!

റബ്ബര്‍മരത്തോടുചേര്‍ത്തു നിര്‍ത്തി

ഒരു തുള്ളി

മറ്റേതിനെ ആഞ്ഞുമ്മവെക്കുന്നു .

പാവം മറ്റേത്തുള്ളി ,

തള്ളി മറിച്ചിട്ട്

കുതറിയോടുന്നതിനിടയില്‍

പുല്ലില്‍ വീണുപോയിട്ടും

വിട്ടില്ല .

പുല്ലില്‍ മറിച്ചിട്ട്

തുടകള്‍ കവച്ചു കിടത്തി

ആഞ്ഞാഞ്ഞുമ്മ വെക്കുന്നു .

എന്റെ ദൈവമേ

ആഞ്ഞാഞ്ഞാഞുമ്മ വെക്കുന്നു .

ഇതെല്ലാം കണ്ടുകൊണ്ടുള്ള

റബ്ബര്‍ മരത്തിന്‍റെ

ആ നില്‍പ്പു കണ്ടാല്‍

ഒട്ടും സഹിക്കുകേല ,ദൈവമേ.....

മാര്‍ച്ച്- ഏപ്രില്‍ മാസങ്ങളിലെ അവള്‍

ഇലകള്‍ പൊതിരേ
നെഞ്ഞത്തടിച്ചു നിലവിളിക്കുന്നു .
'അയ്യോ പൊത്തോ'..എന്ന് വീണു
കെട്ടിപ്പിടിച്ചു മണലില്‍ക്കിടന്നുരുളുന്നു .
കാര്യമെന്തെന്ന്
ഒരെത്തും പിടിയും കിട്ടിയില്ല .
എനിക്കാണെങ്കില്‍ സങ്കടം വന്നിട്ടും മേല .
പിന്നെ ഞാന്‍ രണ്ടും കല്‍പ്പിച്ചു
അവിടന്നെഴുന്നേറ്റു പോയി
കിളികള്‍ പാടുന്ന മേയിലിരുന്നു .

അത്യുന്നതങ്ങളില്‍ നീയിരിക്കുന്നു

മുകളിലേക്ക് നോക്കുമ്പോള്‍ ,

ഉയരങ്ങള്‍

കൈകാലിട്ടടിക്കുന്നു .

അതുപെരപ്പുറത്തു

വീഴുമോയെന്ന്

ഭയമുന്ടെനിക്ക് .

വെള്ളിയാഴ്ചാ ദിവസത്തിനൊരു സ്തുതി ഗീതം

പെട്ടെന്നൊരു

ദിവസം

ചത്ത്തവരെല്ലാം കൂടി

കുഴിയില്‍

നിന്നെഴുന്നേറ്റ് വന്ന്

വെള്ളിയാഴ്ച്ച ദിവസത്തിന്

സ്തോത്രം paadeeee..........

ഇതുകണ്ട്

ചെറുപ്പക്കാരും

കുട്ടികളും

കുഴിയിലേക്ക് കാലും നീട്ടിയിരിക്കുന്നവരും

അത്ഭുതപ്പെട്ടു

മാറി നിന്നു

എന്തെന്നാല്‍

ആ ദിവസം

ശരിക്കുമൊരു

ബുധനാഴ്ചയായിരുന്നു

Thursday, July 24, 2008

പിരിയുമ്പോള്‍


പിരിയുമ്പോള്‍
അവളോട്‌

ഞാന്‍ ചത്തെന്ന്‌ അറിഞ്ഞാല്‍ പോലും
കാണാന്‍ വന്നേക്കരുതെന്ന്

പറയണമെന്നുണ്ടായിരുന്നു
പക്ഷെ ,പറഞ്ഞില്ല.

അവളെങ്ങാനും വന്നാല്‍
എനിക്കെന്തു ചെയ്യാനാവും .

Tuesday, May 27, 2008

പ്രേമമേ നീ പെട്ടന്ന് തീര്‍ന്നുപോമൊരു കവിതയോ

എനിക്കെന്റെ ആദ്യത്തെ പ്രേമം നഷ്ടമായത്
ഞാന്‍ എഴുതിയ ആദ്യത്തെ കവിത
അവള്‍ക്കു വായിക്കാന്‍ കൊടുത്തതിനാലാനെന്നു
രണ്ടാമതൊരു കവിത എഴുതി രണ്ടാമത്തവളെ വായിച്ചു കേള്പ്പിച്ചപ്പോള്‍ ആണ്
മനസ്സിലായത് .

രണ്ടാമത്തവള്‍ പോയ
വഴിയിലേക്കു നോക്കി ഇരിക്കുമ്പോള്‍
അതാ മൂന്നാമതൊരു കവിത എഴുതാന്‍ മുട്ടലുണ്ടാകുന്നു

ആ കവിത എന്റെ പട്ടിയെഴുതും....

Wednesday, May 14, 2008

അണ്‍ സാടിസ്ഫയെദ് ആന്റീസ് ആന്‍ഡ്‌ അന്കില്സ് ക്ലബ്ബ്
ഇപ്പോഴും
രണ്ടു കുന്നും ഒരു കുഴിയുമാണ്
ഈ പെണ്ണുങ്ങള്‍

എപ്പോഴും
കുന്നിടിച്ചു നിരത്തലും
കുഴിമൂടലുമാണ്
ഈ ആണുങ്ങള്‍

ദയവായി
അവരോടാരും
അരുതെന്നുമാത്രം
പറയരുതേ

Thursday, May 8, 2008

വിശപ്പ്‌

തള്ളയുടെ മടിയില്‍ കിടന്നു

മുലകുടിക്കുന്ന ഒരു കുഞ്ഞും

അതിന്റെ തന്തയും തമ്മിലുള്ള വ്യത്യാസം

തന്ത അടങ്ങിക്കിടക്കില്ല

എന്നത് മാത്രമാണ്

Friday, May 2, 2008

ചെമ്പരത്തികള്‍

അവള്‍ നട്ടതെന്നും
എനിക്കുള്ള വിത്ത്
അവള്‍ വെള്ളമേകി
എനിക്കുള്ള പൂവ്
അതിനുള്ള ഗന്ധം
അതിനുള്ള ചോപ്പ്‌
അവള്‍ കാത്ത്തതെന്നും
എനിക്കുള്ള പൂവ്
ചെവിതോറും അത് ചൂടി
ഞാന്‍ നില്‍ക്കുവോളം
അവളെന്റെയല്ലേ ...
ഇതു പ്രേമമല്ലേ...