Thursday, December 18, 2008

ഗോദയില്‍ കാത്ത്

"നിങ്ങള്‍ക്കറിയാമോ കുട്ടികളെ,വിഖ്യാത ചിലിയന്‍ കവി
ശ്രീമാന്‍ പാബ്ലോ നെരൂദ തന്റെ പതിനെട്ടാമത്തെ വയസ്സില്‍
വലിയ കവിയായി പേരെടുത്ത ആളായിരുന്നു ...."
പണ്ഡിതനായ പാരലല്‍ ഗുരു
ഇപ്രകാരം ക്ലാസ്സില്‍ മൊഴിഞ്ഞപ്പോള്‍
ഞാന്‍ മനസ്സിലോര്‍ത്തു ;
എനിക്കിപ്പോള്‍
പതിനേഴേ ആയോള്ളൂ .
അടുത്ത വര്‍ഷം ഞാനുംഇറക്കും
പുസ്തകമൊന്ന്.
പിന്നെ ഞാനാരാ....

ആഞ്ഞു പിടിച്ചു കവിതയെഴുതി
ഗുരുവിനെ കാണിച്ച് അനുഗ്രഹം വാങ്ങി
തെക്കോട്ടും വടക്കോട്ടും വാരികക്കയച്ചു
നെരൂദയെ വെല്ലുവിളിച്ചു .
അയച്ചതെല്ലാം തിരിച്ചയച്ച്
വാരികക്കാരെന്നെ വെല്ലുവിളിച്ചു .

വയസ്സിപ്പോള്‍
ഇരുപത്താറ് കഴിഞ്ഞു
ഒരു കവിതപോലും വന്നില്ല
പ്രീ ഡിഗ്രി തോറ്റും പോയി
ഗുരുവിനെ കണ്ടപ്പോള്‍
ഒരു ചളിപ്പ്‌
മുഖം കുനിച്ചുപിടിച്ച്
മാറി നടന്നു.
മനസ്സുപറഞ്ഞു ;
റില്‍ക്കെയൊക്കെ
ഇരുപത്താറ് കഴിഞ്ഞു
എഴുതിയവരാണ്.
രില്‍ക്കയെക്കാള്‍
വലുതല്ലല്ലോ
നെരൂദ....

No comments: