Friday, December 19, 2008

വായന

നഗരത്തിലെ പാര്‍ക്കില്‍ വെച്ച്

കവിസുഹൃത്തിനെ കണ്ടുമുട്ടി.

സന്തോഷം

സായാഹ്നം.

''ഒരു പുതിയ കവിതയുണ്ട്.

തിരക്കില്ലങ്കില്‍

എങ്ങോട്ടെങ്കിലും മാറിയിരിക്കാം .

കവിത വായിച്ചു കേള്‍പ്പിക്കാം .''

സസന്തോഷം

സസായാഹ്നം.

അവന്‍ നീട്ടിയ കടല കൊറിച്ചുകൊണ്ട്

''എന്റെ കയ്യിലുമുണ്ട്

കവിതയൊന്ന്.

ഞാനും വായിക്കാം....''

സസസന്തോഷം

സസസായഹ്നം .

നഗരത്തിലെ പാര്‍ക്കില്‍ വെച്ച്

കവിസുഹൃത്തിനെ കണ്ടുമുട്ടി

ഞങ്ങള്‍ ആളൊഴിഞ്ഞ ഒരിടം

നോക്കി നോക്കി നടക്കുന്നു .

''സാറമ്മാരേ, ദേ അങ്ങോട്ടിരിക്കാം .''

ഞെട്ടി നോക്കുമ്പോള്‍

പിന്നിലൊരുത്തന് നിന്ന്

അകലെ പൊന്തക്കാടിനു

വഴി കാട്ടുന്നു .

''അവിടെയിരുന്നാല്‍

ആരും കാണില്ല സാറേ ..''

''എന്തു കാണില്ലെന്ന് ?''

എനിക്കു ദേഷ്യം വന്നു.

''ങ്ങ് ങ‌ും...ഞാനെല്ലാം കേട്ടു.

കവിത വായിക്കാന്‍ വന്നവരല്ലേ.

എനിക്കെല്ലാം മനസ്സിലായി സാറേ......''

അവനു നാണോം വന്നു.

No comments: