Thursday, December 3, 2009


കാന്‍സര്‍ വാര്‍ഡ്‌ എന്ന എന്‍റെ ആദ്യത്തെ പുസ്തകം ഡി സീ ബുക്സ് പ്രസിദ്ധീകരിച്ചു

Sunday, November 29, 2009

പതിനേഴുവയതിനിലേ

മൂന്നു വര്‍ഷം മുന്‍പ്

കാറപകടത്തില്‍

മകനെ നഷ്ടപ്പെട്ട

ഒരു സ്ത്രീ

ട്രെയിനില്‍ വെച്ച്

തന്‍റെ എതിരേ സീറ്റിലിരിക്കുന്ന

പതിനേഴുകാരനെ നോക്കി

കണ്ണെടുക്കാതെ

"മോനേ നിനക്കെന്‍റെ

കുട്ടിയുടെ മുഖമാണല്ലോ "...യെന്ന്

വിചാരപ്പെടുമ്പോള്‍ ,

എതിരേ സീറ്റിലിരിക്കുന്ന

പതിനേഴുകാരന്‍

കണ്ണെടുക്കാതെ തന്നെ

ആ സ്ത്രീയെ നോക്കി ;

"കൊള്ളാം ,ഇത്തിരി

പ്രായക്കൂടുതലുന്ടെന്നെയുള്ളൂ

ഇപ്പോഴും നല്ല മൊതലാ ..."ണെന്ന്

അല്‍പ്പം കൂടി കടന്ന് വിചാരപ്പെടുന്നു .

ട്രെയിന്‍

എറണാകുളത്തെത്തുമ്പോള്‍

പതിനേഴുകാരന്‍

ആ സ്ത്രീയോട്

"ഇവിടെയിറങ്ങിയാലോ ?"

എന്നുകൂടി ചോദിക്കും .

അങ്ങനെയെങ്കില്‍

അത്

അവന്‍റെ കുഴപ്പമല്ല .

Wednesday, January 28, 2009

തര്‍ജമ
സായാഹ്നം , ജട്ടി മൈതാനം
വര്‍ഗീയ വിരുദ്ധ സെമിനാര്‍
പ്രസംഗപീടത്തില്‍ ഉത്ഖാടകന്‍
ദേശീയ പണ്ഡിത ശ്രേഷ്ട്ടന്‍
ആളൊരു ഹിന്ദിക്കാരന്‍ .
കുതറീ ഘനഗംഭീരത്തില്‍ ; ''dear friends ,
we should stand against communalism by loving each other
and by having absolute faith in each other .a new generation
should emerge who whould love their neighbours as themselves.''
ഹാളില്‍
വിവര്‍ത്ത്തനത്തിനു ദാഹിക്കും
ഒരായിരം തൊണ്ടയലറുന്നു .
പിന്നൊരു നിമിഷത്തെ നിശ്ശബ്ദത .
അതിന്‍ കൈവരി പിടിച്ച്
മെല്ലെ നടന്നു വരുന്നു ....''പ്രിയമുള്ളവരേ നമ്മുടെ
ഉത്ഘാടകന്‍ പറഞ്ഞതെന്താണെന്നുവച്ചാല്‍ ...''
അതാ വായ്മാറ്റക്കാരന്റെ ശബ്ദം ;''വര്‍ഗീയതക്കെതിരെ
നമ്മള്‍ കണ്ണും കാതും തുറന്നുവെക്കണമെന്നാണ് .
ഇരുട്ടില്‍ പതുങ്ങിയിരുന്ന് എതിരാളികളെ
ആക്രമിക്കണമെന്നാണ് പ്രിയമുള്ളവരേ നമ്മുടെ
ഉത്ഘാടകന്‍ പറയുന്നത്.

ഹേ........യ്....
ആര്‍പ്പേ .....


'the means by which we could achieve this goal should
be one of peace and non-violence. this is the one and only
goal towards which humanity should progress....''

''പ്രിയമുള്ളവരേ , ഒരു ജാഥയായി പോയി വീടുകള്‍ക്ക്
തീവെക്കണമെന്നും അവരുടെ അമ്മ പെങ്ങമ്മാരെ
വലിച്ചിഴച്ചു നടുറോട്ടിലിട്ടു ബലാല്‍സംഗം
ചെയ്യണമെന്നും അദ്ദേഹം ഊന്നി ഊന്നിപ്പറയുന്നു... ''


ഹാളില്‍
കയ്യടി ,യാര്‍പ്പുവിളി -
ഒച്ചകള്‍
അലര്‍ച്ചകള്‍
തീരാതെ ...തീരാതെ.

ഇതൊക്കെ കണ്ടപ്പോള്‍

ഉത്ഘാടകനൊരു സംശയം

ഇത്രയും ഒച്ചയിടാന്‍ മാത്രം

താനൊന്നും പറഞ്ഞില്ലല്ലോ .

ഇങ്ങനെ കൂകി വിളിക്കാന്‍ മാത്രം .

ഇനിയിപ്പോള്‍

താന്‍ പറഞ്ഞ കാര്യങ്ങള്‍ ഒന്നുമല്ലേ

ഈ വായ്മാറ്റക്കാരന്‍

ആളുകള്‍ക്ക് പറഞ്ഞുകൊടുക്കുന്നത് .

ഹിന്ദിയില്‍

സംശയിച്ചങ്ങനെ നില്‍ക്കുമ്പോള്‍

അതാ വരുന്നൂ വീണ്ടും വായ്മാറ്റക്കാരന്റെ ശബ്ദം ;

''പ്രിയമുള്ളവരേ നമ്മുടെ ഉത്ഘാടകന്‍ ഇനി

പറയാന്‍ പോകുന്നതെന്താണെന്നുവെച്ചാല്‍

വര്‍ഗീയത ഈ നാട്ടില്‍ മാത്രം കാണപ്പെടുന്ന ഒന്നല്ല .

നമ്മുടെ അയല്‍പ്രദേശങ്ങളിലും അതുണ്ട്.

അതുകൊണ്ട് എത്രയും വേഗം തന്നെ നമുക്ക്

അടുത്ത പ്രദേശത്തെ ജനങ്ങളെയും

തല്ലിയൊതുക്കേണ്ടതുണ്ട് .

അങ്ങനെ കേരളം മുഴുവന്‍ ഓടിനടന്ന് കാര്യങ്ങള്‍

എടുപിടീന്ന് അവസാനിപ്പിക്കെണ്ടതിനാല്‍

ഒരു നിമിഷം പോലും പാഴാക്കാനില്ല സുഹൃത്തുക്കളേ.

അതുകൊണ്ട് ഉത്ഘാടകപ്രാസംഗികന്‍ ഇവിടെത്തന്നെ

നിന്നു പ്രസംഗിക്കട്ടെ . വെട്ടുകത്തി ,വടിവാള്‍,

നാടന്‍ ബോംബ് മുതലായവ കൊണ്ടുവന്നിട്ടുള്ളവര്‍

ഹാളിനു തെക്കുവശത്തേക്കു മാറിനില്‍ക്കേണ്ടതാണ്.

Saturday, January 10, 2009

കാന്‍സര്‍ വാര്‍ഡ്‌
__________________
1.ജീവിച്ചിരിക്കുന്നവരെപ്പോലെ ഞെട്ടിയുണരാന്‍...

രാത്രിയിലെ
ഉറക്കത്തില്‍
പെട്ടെന്ന് .

ഡ്രിപ്പ് ഇട്ടിരുന്ന
ആരുടെയോ
ഒരു കുപ്പി മരുന്ന്
താഴേക്കു പൊട്ടി വീണു ;
വലിയ ഒച്ചയില്‍ .


കട്ടിലില്‍ നിന്ന് രോഗികള്‍
ഞെട്ടിയുണര്‍ന്നു
ഞെട്ടിയുണര്‍ന്നു ഡോക്ടര്‍
നഴ്സുമാര്‍
ഞെട്ടിയുണര്‍ന്നു.

ഡ്രിപ്പ് ഇട്ടിരിക്കുന്നതിനിടയില്‍
പൊട്ടിവീണൂ ഒരുകുപ്പിമരുന്ന്.
ഞെട്ടി ഉണര്‍ന്നൂ വെട്ടം.
വരാന്ത രോഗിക്ക് കൂട്ടുകിടക്കാന്‍
വന്നവരുമായ് നേരത്തേ ഞെട്ടിയുണര്‍ന്നു .
മരുന്നലമാരകള്‍
ഓക്സിജന്‍ സിലന്ടര്‍
ഞെട്ടിഉണര്‍ന്നൂ _
സ്റ്റെതസ്ക്കൊപ്പിലെ നിമിഷം .


ഡ്രിപ്പ് ഇട്ടിരിക്കുന്നതിനിടയില്‍ ഇതാരുടെ.....?



ഏറ്റവും വിനീതമായി
താഴേക്കു പൊട്ടി വീണ
മരുന്നുകുപ്പി
തന്റെതാണേന്നൊന്ന് വിളിച്ചുപറയാന്‍
ഇനിയിപ്പോള്‍
ഞെട്ടിയില്ലെങ്കിലും സാരമില്ല
ഈ കിടക്കുന്ന ആള്‍
ഒന്ന് ഉണര്‍ന്നിരുന്നെങ്കില്‍ .


ജീവിച്ചിരിക്കുന്നവരെപ്പോലെ
ഞെട്ടിയുണരാന്‍
മരിച്ചവര്‍ക്ക് അറിയാമായിരുന്നെങ്കില്‍...!

2. ബട്ടര്‍ഫ്ലൈസ് 21


''ഈ കൈത്തണ്ട ഞരമ്പില്‍
പറന്നിരുന്നു
സൂചീ
കൊത്താതെ കൊത്താതെ പോ ''
യെന്നു കരഞ്ഞു കരഞ്ഞു കരഞ്ഞ്
മടുത്തതുകൊണ്ടാവാം
ഒരമ്മ
ഇപ്പോള്‍
ഈ നിമിഷം മുതല്‍
അതേ കിടപ്പില്‍
അതേ വേദനയില്‍ത്തന്നെ,
''ഈ കൈത്തണ്ട ഞരമ്പില്‍
ഒത്തിരി തുളയുണ്ട്
അതിലേ
പ്രാണനേ
പോ..പോ...പോ..''
യെന്ന് മാറ്റി പ്രാര്‍ധ്ധിക്കുന്നത്‌.

കട്ടിലില്‍ പിടയുന്ന ആ_
അമ്മയെ കാണാന്‍ വയ്യാഞ്ഞാവാം
ഒരു മകന്‍
ജനാലക്കരികില്‍ വന്ന്
പുറത്തേക്ക് നോക്കി
കണ്ണുകള്‍ അടച്ച്
വിതുമ്പുന്നത് .

പ്രാര്‍ധ്ധിക്കുന്നത്‌.


പുറത്തെ ഇരുട്ടില്‍
മരങ്ങള്‍ വലിയ മരങ്ങള്‍
വലിയ ആശുപത്രി അതില്‍
വൈധ്യുത ജീവികള്‍
മനുഷ്യര്‍ വലിയ മനുഷ്യര്‍
അവരുടെ വലിയ വലിയ
നിലവിളികള്‍
അതിലേ കടന്നു വരുന്നു
നേര്‍ത്ത മരണം
നേര്‍ത്ത നേര്‍ത്ത മരണം .

ഇരുട്ടാണ്എന്നോര്‍ക്കാതെ
നക്ഷത്രം മുഴുവന്‍
തുളുമ്പിപ്പോകുന്നു .

ഹാ ! തുളുമ്പിപ്പോകുന്നു.








Tuesday, January 6, 2009

ചുംബനത്തെ വരിഞ്ഞു കെട്ടാന്‍
ഒരു മുഴം കയറ് താ
(മഹാരാജാസ് സായാഹ്നങ്ങള്‍ക്ക്‌ )

''കയ്ച്ചാലും വേണ്ടീല
പെണ്ണേ, ഒരുമ്മ തന്നിട്ട് പോ ...''
-ഞാന്‍ കെഞ്ചി.

ഒരുമിച്ച് ബൈക്കുയാത്ര ആകാം
പാര്‍ക്കിലോ ബീച്ചിലോ ടാക്കീസിലോ
ഒരുമിച്ചിരുന്നു രസം പിടിക്കാം
അപ്പോളൊന്നും
ഒരിഷ്ട്ടക്കേടുമില്ല അവള്‍ക്ക്.

അമ്മ ,
അച്ച്ചന്‍,
ചിറ്റപ്പന്‍ ,വീട്
അയല്‍ക്കാരന്‍ ചേട്ടന്‍
കൂട്ടുകാരികള്‍...
ഒരു വേവലാതിയുമില്ല അവള്‍ക്ക്.

പണ്ടെന്നോ ചത്തു പോയവര്‍
രാത്രിയില്‍
സ്വപ്നത്തില്‍ വന്ന് പേടിപ്പിക്കുകയും
വിലക്കുകയുമില്ല അവളെ .

ഞാന്‍ കുടിച്ച പെപ്സിയുടെ പാതികുടിക്കാം.
ഞാന്‍ കടിച്ച പിസ്സ അതേപടി തിന്നാം.
മഴക്കും veilinum കുടപിടിച്ചാല്‍
കൂടെ ഉരുമ്മി നടക്കാം .
അപ്പോളൊന്നും
ഒരു കുഴപ്പവുമില്ല അവള്‍ക്ക്.

ഒരുമിച്ച് തുണിക്കടകളില്‍
ഒരുമിച്ച് വളക്കടകളില്‍
ഒരുമിച്ച് പുസ്തകക്കടകളില്‍
ഒരുമിച്ചൊരുമിച്ചൊരുമിച്ചു
ഒരു കുഴപ്പവുമില്ല അവള്‍ക്ക് .

വൈകുന്നേരം
പോകാന്‍ നേരം
''പെണ്ണേ ഒരുമ്മ
തന്നിട്ട് പോ ''എന്നെങ്ങാനും
ഞാന്‍ മിണ്ടിപ്പോയാല്‍ ,
''അയ്യോ !അച്ച്ചന്‍ വരും ...''
''അയ്യോ!ചിറ്റപ്പന്‍ കാണും...''
''വീട്ടിലറിഞ്ഞാല്‍..''
''വേണ്ടന്നേ...''
''നാളെത്തരാം...''
''കയ്പ്പാണ്...''
''പുളിപ്പാണ്...''
അങ്ങനെയങ്ങനെ
പോകാന്‍ നേരം
വൈകുന്നേരം .

അല്ലെങ്കിലും
ഈ പെണ്ണുങ്ങള്‍ ഇങ്ങനെയാ .
അവര്‍ക്ക് പ്രേമിക്കാന്‍

അറിയത്തെയില്ല.
അവരെ
പ്രേമിക്കാന്‍
കൊള്ളത്തെയില്ല.

Sunday, January 4, 2009

രാത്രിയുടെയോ പുലര്‍ച്ചയുടെയോ കവിത

രാത്രിതന്‍ നിശ്ശബ്തതയില്‍

ഈ സെമിത്തേരിയില്‍

പൊടുന്നനെ ശവക്കല്ലറകള്‍ കൂര്‍ക്കം വലിക്കുന്നു .

ഉറക്കം കിട്ടാതെ

കട്ടിലില്‍ രോഗികളെന്നപോല്‍

എഴുന്നേറ്റിരിക്കുന്നു കുരിശുകള്‍ .

നാശം ! സെമിത്തേരി തന്‍

മുറ്റത്തൂടുലാത്തുന്നു

നിമിഷം .

(അവിടെയൊരു നീളന്‍ വരാന്തയുണ്ട്

നിമിഷത്ത്തിനുമാത്രം കാണാവുന്നത്‌ )

അകലേ പള്ളിയൊരു -

കടവാവലായ് പറന്നു നില്ക്കുന്നു.

അതേ പിണങ്ങി നില്ക്കുന്നു .

(മട്ടുമാറി)

''വെളിച്ചമേ

ഹാന്‍സ് അപ്പ്.

മര്യാദക്ക് ഹാന്സപ്പ് .''

''ഇന്നാപിടിച്ചോ''എന്ന്

വെളിച്ചമെണിറ്റല്ലോ.

ഹാവൂ...

ഇനി പ്രഭാതം .

കവിതയെഴുതെണ്ടവര്‍ക്ക്

കവിതയെഴുതാം .

അതല്ല , പണിക്കു പോകണമെങ്കില്‍

പണിക്കു പോകാം .

മീനുകള്‍

മീനുകള്‍.

മീനുകളെ -

തിന്നുന്ന

മീനുകള്‍.

മീനുകളെ -

തിന്നുന്ന

മീനുകളെ

തിന്നുന്ന

മീനുകള്‍.

മീനുകളെ

തിന്നുന്ന

മീനുകളെ

തിന്നുന്ന

മീനുകളെ

തിന്നുന്ന

മീനുകള്‍.

മീനുകള്‍

ജലത്തിന്‍

പിടിയിലകപ്പെട്ടു

കഴിയുന്ന

പാവം

സമുദ്രത്തില്‍ .